മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ പോരാട്ട ചിത്രം തെളിയുന്നു. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസും വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ എട്ടാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവ, പുരുഷ സിംഗിള്‍സില്‍ 10-ാം സീഡ് കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്, 11-ാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
അല്‍കാരസ് x മിനൗര്‍
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ അല്‍കാരസിന്റെ എതിരാളി ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറാണ്. അലക്സാണ്ടര്‍ ബബ്ലിക്കിനെ കീഴടക്കിയാണ് ആറാം സീഡായ മിനൗര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 6-1, 6-1. അമേരിക്കയുടെ ടോമി പോളിനെ 6-7 (608), 4-6, 5-7നാണ് പ്രീക്വാര്‍ട്ടറില്‍ അല്‍കാരസ് തോല്‍പ്പിച്ചത്.
മൂന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 25-ാം സീഡ് അമേരിക്കയുടെ ലേണര്‍ ടിയാനും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം. ഡാനില്‍ മെദ്വദേവിനെ അട്ടിമറിച്ചാണ് ടിയാന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 6-4, 6-0, 6-3. അര്‍ജന്റീനയുടെ ഫ്രാന്‍സിസ്കോ സെറുണ്ടോളോയെ കീഴടക്കിയാണ് സ്വരേവ് ക്വാര്‍ട്ടറില്‍ എത്തിയത്; 6-2, 6-4, 6-4.
സബലെങ്ക x ജോവിക്
വനിതാ സിംഗിള്‍സില്‍ അരീന സബലെങ്കയുടെ ക്വാര്‍ട്ടര്‍ എതിരാളി അമേരിക്കയുടെ ഇവ ജോവിക്കാണ്. കാനയുഡെ വിക്ടോറിയ എംബോക്കോയെ കീഴടക്കിയാണ് സബലെങ്ക ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-1, 7-6 (7-1).
മൂന്നാം സീഡായ അമേരിക്കയുടെ കൊക്കൗ ഗൗഫും 12-ാം സീഡ് യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയും തമ്മിലാണ് ക്വാര്‍ട്ടറില്‍ ഗ്ലാമര്‍ പോരാട്ടം. ചെക് താരം കരോളിന മൗചോവയെ കീഴടക്കിയാണ് ഗൗഫ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-1, 3-6, 6-3. എട്ടാം സീഡായ മിറ ആന്‍ഡ്രീവയെ അട്ടിമറിച്ചായിരുന്നു 12-ാം സീഡായ സ്വിറ്റോളിന അവസാന എട്ടില്‍ ഇടംനേടിയത്. സ്കോര്‍: 6-2, 6-4.